മനസ്സേ ഉറങ്ങുക, മൌനത്തിലാവുക നീ
പാടട്ടെ ഞാനിന്നെന്റെ സ്വാതന്ത്ര്യശുഭഗീതം
സുന്ദര സ്വപ്നങ്ങളില്‍ മയങ്ങി നേരം നീക്കാന്‍
കഴിവും നിനക്കുണ്ട്; അറിയാം എനിക്കതും.
സ്വപ്‌നങ്ങള്‍ നെയ്തു കൂട്ടാന്‍ ഓര്‍മ്മകളേറെയല്ലോ
തന്നു ഞാന്‍ നിനക്കതും മറക്കാന്‍ മടിയില്ലേ?
ദുഖത്തിന്നഗ്നിച്ചീളില്‍ സ്വപ്നനീരല്പം തൂക്യാല്‍
ആശ്വാസം ഏറെക്കിട്ടും ;കേട്ടു ഞാന്‍ ആരില്‍ നിന്നോ?
തത്വ ശാസ്ത്രങ്ങളെന്നും കാവ്യഭാവനയെന്നും
വിളിക്കാം; അവയെല്ലാം പൈതലില്‍ ചിന്ത പോലെ!
വിശ്വത്തിന്‍ രഹസ്യങ്ങള്‍ അറിയാനഭിവാഞ്ച
ആര്‍ക്കുമുണ്ടാകാമതില്‍ ആശ്ച്ചര്യമൊട്ടുമില്ല.
ജീവിത പിറ്റെന്നാളിന്‍ പ്രത്യാശയല്ലോയിന്നും
നന്മയില്‍ നീങ്ങീടുവാന്‍ നരനെ നയിക്കുന്നു.
ഇന്നലെ, നാളെകളും അജ്‌ഞാതമാണെന്നാലും
സ്ഥാപിക്കും മര്‍ത്ത്യന്‍ തന്‍ ചിന്തയുറപ്പോടെ .
ആരറിയുന്നൂ കഥ, കര്‍ത്താവോ ? നിരൂപണം
അന്നത്തിന്നുപാധിയായ് മാറ്റുന്ന മനുഷ്യനോ?
ആരറിയുന്നൂ മതം ? മാറ്റമില്ലാത്തവന്‍ തന്റെ
മനസ്സും മൌനത്തിന്റെ അര്‍ത്ഥവുമുള്ള പോലെ!
മനസ്സിന്നങ്ങെ കോണില്‍ ചങ്ങലയേന്തി നില്‍ക്കും
ദുഖത്തിന്‍ മഹാസത്വം കണ്ണീരിലാഴ്ത്തിയെന്നെ.
ഓര്‍മ്മകള്‍ ഓടിച്ചെന്നെ മൂകത മുറ്റി നില്‍ക്കും
തടവറ തന്നിലാക്കി ; എയ്തേറെ അമ്പുകളും.
സ്വപ്നചഷുകവുമായി താരാട്ട് പാടിയെത്തി
വേദനാ സംഹാരികള്‍ ആശയ ദേവതമാര്‍.
ഇന്ന് ഞാന്‍ ജീവിക്കുമ്പോള്‍ ദുഖത്തെയില്ലാതാക്കാന്‍
വിളിക്കും സ്വപ്നത്തേയും , അല്ലാതെ വയ്യെന്നായി.
ആകയാലടിമ ഞാന്‍ ; പാടുവാനയോഗ്യനാ-
നെന്നുടെ മനസ്സല്ലോ ഹേതുവായിടുന്നിന്നും.
സ്വാതന്ത്ര്യഗീതം പാടാന്‍ എന്നും ഞാന്‍ ചൊല്ലീടുന്നു
'മനസ്സേ ഉറങ്ങുക, മൌനത്തിലാവുക നീ' .
മനസ്സേ ഉറങ്ങുക, മൌനത്തിലാവുക നീ
പാടട്ടെ ഞാനിന്നെന്റെ സ്വാതന്ത്ര്യശുഭഗീതം -
ബാംഗ്ലൂര്‍ (06 .11 .1998 വെള്ളിയാഴ്ച )
Keine Kommentare:
Kommentar veröffentlichen